ഉറക്കം ഡയറി എഴുതുകയാണ്
ഉറക്കം ഡയറി എഴുതുകയാണ്
ഉടലുകളുടെ ഏകാന്തതയിൽ
ഉറങ്ങാതെ ഉണർന്നിരിക്കുകയാണ്
മുറിയുടെ നിർജീവതയിൽ
പെരുകി പടരുന്നതിനെ
അറിയുന്നേയില്ല ഉടലുകളുടെ അനാഥത്വം
കണ്ണുകളിൽ നിന്ന് തൂങ്ങിയാടുകയാണ്
വാക്കുകളും ദൃശ്യങ്ങളും
മരങ്ങളിൽ നിന്നും ഇറങ്ങി വരുന്ന
ഇരുട്ടിനോടൊപ്പം നടന്നു നോക്കുകയാണ്
ഇപ്പോഴില്ലാത്ത ഉള്ളതുകളിൽ
എന്തൊക്കയൊ ഉണ്ടായിരുന്നതിനെ
ചികഞ്ഞ് ചികഞ്ഞിരിക്കുകയാണ്
സ്വയം വരഞ്ഞു നോക്കുമ്പോൾ
മറ്റാരൊക്കയൊ ആവുന്നതിന്റെ
പകപ്പുണ്ട് ഓർമകളിൽ
സ്വപ്നങ്ങൾ എന്റെ രഹസ്യക്കാരികളാണ്
എന്നെഴുതി തീരും മുൻപേ
സ്വയം തകിടം മറയുന്നു
ഇപ്പോൾ നനഞ്ഞ റോഡിലൂടെ
ബൈക്കോടിച്ച് പോവുകയാണ്
ഒരു ഷോപ്പിങ്ങ് മാളിനു മുന്നിൽ
ബൈക്ക് നിർത്തി നടന്നു ചെല്ലുമ്പോൾ
പറന്നു പോവുന്നുണ്ട്
ഹെഡ്സെറ്റിൽ നിന്നും തുമ്പികൾ
ചില്ലു മുറിയിൽ വസ്ത്രത്തിനടിയിലൂടെ
വിരലുകൾ പരതി നടക്കുന്ന തണുപ്പിന്റെ സുഖത്തിൽ
ബർഗറിനായ് കഫേയിലേക്ക് കടന്നു ചെല്ലുമ്പോൾ
സ്വപ്നങ്ങൾ എന്റെ രഹസ്യക്കാരികളാണ്
എന്ന ടീ ഷർട്ടിട്ട ഒരുവൻ ഇറങ്ങിപ്പോകുന്നു
കൗണ്ടറിൽ നിൽക്കുന്നവളുടെ വലത്തേ മുലയ്ക്ക്
മുകളിൽ എഴുതി വെച്ച പേരു വായിച്ചു “നീലിമ”
കണ്ണുകളിലെ നിഗൂഢതയുടെ ഹൈപ്പർലിങ്കിൽ
ക്ലിക്കിയപ്പോൾ മറ്റൊരു പേജ് തുറന്നു
അവിടേക്കിറങ്ങി
മങ്ങിയ വെളിച്ചമേയുള്ളൂ
ട്രാഫിക് ലൈറ്റുകൾ പൂക്കുന്നുണ്ട്
ശാഖകൾ ഫ്ലൈയോവറായ് പടർന്നു പോകുന്നതിലൂടെ
പെൺകുട്ടികളും എറുമ്പുകളും തേരട്ടകളും
സഞ്ചരിച്ചു കൊണ്ടിരിക്കുന്നു
തടാകക്കരയിൽ സിഗരറ്റു പുകച്ചു നിൽക്കുന്നവന്റെ
അടുത്തേക്ക് ചെന്നു
മഴക്കാടുകൾ ഒന്നിച്ചു കരയുന്നുണ്ടാവണം
അയാളുടെ ഹൃദയത്തിൽ എന്ന് തോന്നി
“ഞാൻ നീലിമയെ വല്ലാതെ സ്നേഹിക്കുന്നു.
അവളില്ലാതെ എനിക്ക് വയ്യ"
എന്ന് ചെന്നപ്പാടെ സങ്കടപ്പെട്ടു
അവസാന പഫ് എനിക്കു നീട്ടിയിട്ട്
മരണം ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു
തടാകത്തിൽ മീനുകൾ ആഴങ്ങളിലേക്ക്
ധൃതിപ്പെട്ട് കൊണ്ടിരുന്നു
റോഡിൽ ട്രാഫിക് ബ്ലോക്കിൽപ്പെട്ട വാഹനങ്ങളുടെ
ബ്രേക്ക് സിഗ്നലുകൾ ചുവന്ന പൂക്കൾ നീട്ടികൊണ്ടിരുന്നു
ഇരുട്ടിൽ ചുവപ്പിന്റെ കൊച്ചു കൊച്ചൈലന്റുകൾ
അതങ്ങനെ ബർഗറിനു മുകളിൽ രൂപപ്പെട്ട് വരികയാണ്
ചുവന്ന സോസിന്റെ കൊച്ചു കൊച്ചൈലന്റുകൾ
തണുപ്പപ്പോഴും വസ്ത്രത്തിനടിയിൽ വിരലുകൾ
പരതി നടക്കുകയാണ്
ഷോപ്പിങ്ങ് മാളിൽ നിന്നിറങ്ങി
മരങ്ങൾ, നക്ഷത്രങ്ങൾ, ചിറകുകൾ, ഉമ്മകൾ
അമ്മിഞ്ഞകൾ എന്നിങ്ങനെ വാക്കുകൾ
ഒട്ടിച്ചുണ്ടാക്കിയ പാതക്കരികിലൂടെ നടന്നു
ഇതെല്ലാം സൃഷ്ടിച്ച ദൈവത്തിന്റെ പേര്
ജീവിതം എന്ന് തന്നെയാണെന്നു തോന്നി
രാത്രി ഒരു കൊടും മന്ത്രവാദിനി തന്നെ
കാടുകളുടെ വന്യത മുഴുവൻ പൂക്കുന്നത്
അവളുടെ മുടിയിലും മുലയിലുമാണെന്ന്
കവിത വന്നു
മുത്തശ്ശിയെ ഓർത്തു
അവരുടെ കണ്ണുകളിൽ കാലം ദേശാടനക്കിളികളാവുന്നത് കണ്ടു
കഥകൾക്ക് കാതോർത്തു
അതിലൂടെ നടന്നു
ആമകൾക്കും മുയലുകൾക്കുമൊപ്പം
തേരട്ടകൾക്കും എറുമ്പുകൾക്കുമൊപ്പം
സ്കിന്നി പാൻസിട്ട് നടന്നു
സ്വർണ്ണ നിറത്തിൽ പൊടികൾ പാറുന്ന ചത്വരങ്ങൾ
തേരുകൾ പായുന്ന രാജപാതകൾ,
അക്ഷൗഹിണികളുടെ യുദ്ധപുറപ്പാടുകൾ
നൈക്കിന്റെ ബൂട്സിട്ട്, ഡ്വെല്ലിന്റെ ബാഗും തൂക്കി
സഞ്ചാരിയുടെ മുഷിവുമായ് നടന്നു കണ്ടു
കൊട്ടാരങ്ങൾ, കൽത്തുറങ്കുകൾ, രാജകുമാരിമാർ
മഞ്ഞിൽ തീ കാഞ്ഞിരിക്കുന്ന കർഷകർ
അവരുടെ പെൺകുട്ടികൾ, നാടോടി നൃത്തങ്ങൾ…………
കഞ്ചാവ് വലിച്ചു വലിച്ചു കൊണ്ടേയിരുന്നു
നൂറ്റാണ്ടുകൾക്കപ്പുറത്തെ ഏതൊ കാലത്തിന്റെ
മരച്ചോട്ടിൽ ഭാവി പ്രവചിക്കുന്നവന്റെ മുന്നിൽ
ചെന്നിരുന്നു
അയാളെ തൊട്ടപ്പോൾ വരാനിരിക്കുന്ന ജന്മത്തിലെ
ഏതൊ ഒരു ദിവസം ദൃശ്യമാകാൻ തുടങ്ങി....
മുറിയിൽ ആരുമുണ്ടായിരുന്നില്ല
കുടിച്ചു കൊണ്ടിരുന്നു
മെഴുകുതിരി ഒറ്റ ദലം മാത്രം നീട്ടി നിൽക്കുന്നു
ആകാശത്തും ആരുമുണ്ടായിരുന്നില്ല
ഇന്നാണ് നക്ഷത്രങ്ങൾ എന്നെ ചതിച്ചത്
കലണ്ടറിൽ നിന്ന് ഞാൻ ജനിച്ച ദിവസത്തിലെ അക്കം
സ്വന്തം വീട് വിട്ട് ഊരു തെണ്ടാനിറങ്ങിയിരിക്കുന്നു
നടന്ന് നടന്ന്
ഞാൻ മരിച്ച ദിവസത്തിലെ അക്കത്തിന്റെ വീട്ടിലെത്തുമ്പോൾ
ഈ അക്കം ആ അക്കത്തിനോട് എന്താണാവോ പറയുക ?
നമുക്കിടയിലെ വിടവുകൾ എത്ര വ്യർത്ഥമായിരുന്നെന്നൊ
ഒന്നും ചെയ്യാനുണ്ടായിരുന്നില്ല
മരിയാ അമ്പാരോ എസ്കാന്റന്റെ
എസ്പരാൻസയുടെ പുണ്യവാളന്മാർ എന്ന നോവൽ,
സുജീഷ് തന്ന സിഡികൾ എല്ലാം അങ്ങനെയിരിക്കുന്നു
ഉറക്കം ഡയറി എഴുതുകയാണ്
എന്നൊരു കവിത എഴുതി കൊണ്ടിരിക്കെ
ഉറങ്ങി പോകുന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ