.

.

കൃഷ്ണാ ദീപക്

കടലിറങ്ങി താഴ്ന്ന് പോകുന്ന വൈകുന്നേരങ്ങളുടെ കിതപ്പിലേയ്ക്ക് ഇരുട്ട് കുത്തിനിറയ്ക്കുന്ന ജോലിയാണവൾക്ക്

എന്നിട്ടോ ?
ആകാശം തുരന്ന്
നീല ഒലിച്ചിറങ്ങുന്നുണ്ടോയെന്ന് നോക്കി
രാത്രി മുഴുവൻ അങ്ങനെ, അങ്ങനെ ഇരിക്കും

ഒരുലച്ചിലിൽ
ചിതറിപ്പിരിയുന്ന നിശ്വാസങ്ങളെ
പ്രണയത്തിന്റെ നഗരത്തിലേക്ക്‌ പറഞ്ഞയച്ച്‌
പാട്ട് മൂളി നീ വരുമെന്നോർത്ത്,
മഞ്ഞിനെ പെറുക്കി
ഗിറ്റാർ സ്ട്രിങ്ങുകളിൽ കോർത്തെടുത്ത് വെയ്ക്കും

മഞ്ഞു മണക്കുന്ന
വിരൽപ്പെരുക്കങ്ങൾക്കിടയിലേക്ക്
പടർന്നു കയറി, പതിയെ മൊത്തി മൊത്തി
ഉടൽ മാറി മാറി പുതച്ച്
പുതച്ച് ...
ചുണ്ടുകള്‍ കൊരുത്തുവലിച്ച്
നമ്മള്‍ നമ്മളിലേക്കിങ്ങനെ ഉമ്മ വെച്ച്‌
മഞ്ഞിനെ പെയ്യിച്ചേക്കുമെന്ന് വെറുതെ ചിന്തിക്കും

ചുളിഞ്ഞ വിരികള്‍ക്കിടയിൽ
ഒഴുകി പടർന്ന്
നമ്മള്‍ വിയര്‍ത്തു തീരുമ്പോള്‍
പതിഞ്ഞ ഒച്ചകളില്‍
ഊദ് മണക്കുന്ന മഞ്ഞ് കൊത്തുമെന്ന്
കൈവെള്ളയിലെഴുതി മായ്ക്കും

വെയില് വീഴുമ്പോൾ
മരുഭൂമിയുടെ വിള്ളലുകളിലേക്ക്
കില് കിലെ ചിരിക്കുന്ന മഞ്ഞിൻ കുഞ്ഞുങ്ങളെ
പെറ്റു നിറയ്ക്കുമെന്ന്
പുളഞ്ഞു ചിരിച്ച് മണലിലെഴുതും

എന്തോ ഓർത്തിട്ടെന്നപോലെ
നിന്റെ, തണുപ്പിന്റെ മരവിപ്പുകളെ
ഊതി ഊതി ചൂടാക്കി
നീണ്ടയൊരു ചാലുവരച്ച് ഒഴുക്കി വിടും
പിന്നെ,
കൊണ്ടുവന്നപോലെ തിരിച്ചയക്കും

ഒരു നീണ്ട ശ്വാസത്തിൽ പെട്ടന്ന്
ഒറ്റയ്ക്കാകും
ഒറ്റയ്ക്കാകും

എന്നിട്ടോ ?

ആകാശം തുരന്ന്
നീല ഒലിച്ചിറങ്ങുന്നുണ്ടോയെന്ന്
നോക്കി നോക്കി,
അങ്ങനെ
അങ്ങനെ
അങ്ങനെ

അഭിപ്രായങ്ങളൊന്നുമില്ല: