.

.

സിന്ധു കെ വി

ദ ട്രക്കിംഗ്


നോക്കി നിൽക്കെ ചില്ലകളിട്ട്
മരമാകുന്നു നീ.
മേലേക്കൊമ്പിൽ നിന്ന്
ആകാശം കാണുന്നു ഞാൻ.
എന്റെയാകാശമേ, പൂമരമേ
നീലമലകളേ,
എനിക്കിറങ്ങാനായി നീയിത്രയും
വഴികളൊരുക്കുമ്പോൾ
ലോകം അനങ്ങാതിരിക്കുന്നുവല്ലോ.
മലയിടുക്കുകൾ മധുരക്കനികളും
പൂപ്പാത്രവുമായി
കാത്തിരിക്കുകയാണ്.
ഇറങ്ങും തോറുമേറുന്ന
നിന്റെയാഴങ്ങളിലേക്ക്
മരണത്തിലേക്കെന്നപോലെ
ഞാനിറങ്ങുകയാണ് .
ഓരോ ചുവടും
ആവേശങ്ങളുടെ
വഴുക്കുചാലുകൾ തേടുന്നു.
ഒഴുക്കിനിടയിൽ മിന്നിമാഞ്ഞ
താഴ്വരകൾ
നഷ്ടങ്ങളുടെ കണക്കുപുസ്തകത്തിൽ
അടയാളപ്പെടുത്തി
നീർച്ചാട്ടങ്ങളിൽ തലതല്ലി
ഒരുവട്ടംകൂടിയെന്നാർത്ത്
ഒടുങ്ങിപ്പലവട്ടമൊഴുകി
പരാജിതനായ ചൂതാട്ടക്കാരന്റെ
വാശിയോടെ
യാത്ര തുടരുകയാണ്.

അഭിപ്രായങ്ങളൊന്നുമില്ല: