ഒടുക്കം
എനിക്കറിയാം,
ഒടുവിൽ ഒരു കാറ്റാണെന്നെ
കൊണ്ടുപോവുക.
പെട്ടെന്നുള്ള പരിഭ്രമത്തിൽ
പ്രിയപ്പെട്ടവരോട് യാത്ര പറയാൻ
ഞാൻ മറക്കും.
ആകാശത്തോളമുയർന്നൊരൂഞ്ഞാലിൽ
പണ്ടിരുന്ന അതേ അനുഭൂതിയോടെ
ഞാൻ കണ്ണടയ്ക്കും
ഒടുക്കത്തെക്കാഴ്ചകളിലേക്ക്
അന്നേരം കാറ്റെന്റെ കണ്ണു തുറപ്പിക്കും
മഞ്ചാടി പെറുക്കുകയും
കൊത്തങ്കല്ലുകളിക്കുകയും ചെയ്ത
ഇടവഴിയോരത്തുനിന്നും കുസൃതിയോടെ
ഒരുപാടു കണ്ണുകൾ, മുകളിലേക്ക്
നോക്കുന്നതായി എനിക്കപ്പോൾ തോന്നും.
എപ്പോഴും വഴിപോക്കരെ നോക്കിനിന്നിരുന്ന
ജാനുവമ്മ വേലിക്കരികിൽ
തന്നെയുണ്ടാവണേ എന്നു ഞാൻ പ്രാർത്ഥിക്കും
മരണത്തെ ആദ്യമായി കാണിച്ചുതന്ന
അങ്ങേത്തൊടിയിലെ പറങ്കിമാവ്
അവിടെത്തന്നെയില്ലേയെന്ന്
വെറുതെയൊന്നെത്തി നോക്കും.
ഒരു കുപ്പിവള പോലും ഇനിയെനിക്കു വേണ്ടെന്ന്
ഉത്സവപ്പറമ്പിനോട് പറയാതെ പറയും
മുത്തപ്പൻകാവിനടുത്തെ വെളിച്ചപ്പാടിന്റെ
വീടു കണ്ടാൽ എനിക്കു ചിരി വരും
പേടിയുടെ മേൽക്കുപ്പായം ഞാനഴിച്ചു വെച്ചെന്നു
പറയാനുള്ള സാവകാശം കാറ്റെനിക്കു തരില്ല.
സ്കൂൾ മുറ്റവും കടന്നു മുന്നോട്ടു പോകുമ്പോൾ മാത്രം
കാറ്റിനോടെനിക്കു ദേഷ്യം തോന്നും
മരത്തണലിൽ, നെല്ലിക്കയും നാരങ്ങാമുട്ടായിയും
കാണിച്ച് സെയ്തലവി
അവസാനമായെന്നെ കൊതിപ്പിക്കും.
മതിലിനടുത്ത് കൂട്ടംകൂടി നിൽക്കുന്ന
മഷിത്തണ്ടു പച്ചകളിലേക്ക്
അറിയാതെയെന്റെ കൈനീളും.
അപ്പോൾ മാത്രം എനിക്ക് കരച്ചിൽ വരും.
കാറ്റെന്നെ മുറുകെപ്പിടിക്കും.
പിന്നീട്,
മാഞ്ഞുപോകുന്ന കാഴ്ചകളുമായി
ഞാൻ പോകും
കാറ്റെന്നെ കൊണ്ടു പോകുന്നിടത്തേക്ക്…
എനിക്കറിയാം,
ഒടുവിൽ ഒരു കാറ്റാണെന്നെ
കൊണ്ടുപോവുക.
പെട്ടെന്നുള്ള പരിഭ്രമത്തിൽ
പ്രിയപ്പെട്ടവരോട് യാത്ര പറയാൻ
ഞാൻ മറക്കും.
ആകാശത്തോളമുയർന്നൊരൂഞ്ഞാലിൽ
പണ്ടിരുന്ന അതേ അനുഭൂതിയോടെ
ഞാൻ കണ്ണടയ്ക്കും
ഒടുക്കത്തെക്കാഴ്ചകളിലേക്ക്
അന്നേരം കാറ്റെന്റെ കണ്ണു തുറപ്പിക്കും
മഞ്ചാടി പെറുക്കുകയും
കൊത്തങ്കല്ലുകളിക്കുകയും ചെയ്ത
ഇടവഴിയോരത്തുനിന്നും കുസൃതിയോടെ
ഒരുപാടു കണ്ണുകൾ, മുകളിലേക്ക്
നോക്കുന്നതായി എനിക്കപ്പോൾ തോന്നും.
എപ്പോഴും വഴിപോക്കരെ നോക്കിനിന്നിരുന്ന
ജാനുവമ്മ വേലിക്കരികിൽ
തന്നെയുണ്ടാവണേ എന്നു ഞാൻ പ്രാർത്ഥിക്കും
മരണത്തെ ആദ്യമായി കാണിച്ചുതന്ന
അങ്ങേത്തൊടിയിലെ പറങ്കിമാവ്
അവിടെത്തന്നെയില്ലേയെന്ന്
വെറുതെയൊന്നെത്തി നോക്കും.
ഒരു കുപ്പിവള പോലും ഇനിയെനിക്കു വേണ്ടെന്ന്
ഉത്സവപ്പറമ്പിനോട് പറയാതെ പറയും
മുത്തപ്പൻകാവിനടുത്തെ വെളിച്ചപ്പാടിന്റെ
വീടു കണ്ടാൽ എനിക്കു ചിരി വരും
പേടിയുടെ മേൽക്കുപ്പായം ഞാനഴിച്ചു വെച്ചെന്നു
പറയാനുള്ള സാവകാശം കാറ്റെനിക്കു തരില്ല.
സ്കൂൾ മുറ്റവും കടന്നു മുന്നോട്ടു പോകുമ്പോൾ മാത്രം
കാറ്റിനോടെനിക്കു ദേഷ്യം തോന്നും
മരത്തണലിൽ, നെല്ലിക്കയും നാരങ്ങാമുട്ടായിയും
കാണിച്ച് സെയ്തലവി
അവസാനമായെന്നെ കൊതിപ്പിക്കും.
മതിലിനടുത്ത് കൂട്ടംകൂടി നിൽക്കുന്ന
മഷിത്തണ്ടു പച്ചകളിലേക്ക്
അറിയാതെയെന്റെ കൈനീളും.
അപ്പോൾ മാത്രം എനിക്ക് കരച്ചിൽ വരും.
കാറ്റെന്നെ മുറുകെപ്പിടിക്കും.
പിന്നീട്,
മാഞ്ഞുപോകുന്ന കാഴ്ചകളുമായി
ഞാൻ പോകും
കാറ്റെന്നെ കൊണ്ടു പോകുന്നിടത്തേക്ക്…

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ