.

.

ജിലു ജോസഫ്

ഒരു എയര്‍ഹോസ്റ്റസ് കവിത എഴുതിയാല്‍


1
ഈ രാത്രിയില്‍
ഇതെഴുതുമ്പോള്‍
ഇതേ വിമാനത്തിന്‍റെ സീറ്റുകളില്‍
എത്രയോ പേര്‍ അടുങ്ങിയിരിക്കുന്നു..
ചിലരുറങ്ങുകയാണ് !
നോക്കൂ
ഭൂമിയില്‍നിന്നും
മുപ്പത്തിയെണ്ണായിരമടി മുകളില്‍
നിങ്ങള്‍ സുഖമായ് ഉറങ്ങുന്നു
ചിലരുടെ ഉറക്കം
സീറ്റുകളുടെ ഇടയിലൂടെ ചാടിയിറങ്ങി
അങ്ങോട്ടുമിങ്ങോട്ടും
അക്ഷമയോടെ നടക്കുന്നു..

2
നിമിഷങ്ങള്‍ കൈവിരലുകള്‍ക്കൊണ്ട്
എണ്ണിത്തിട്ടപ്പെടുത്തി ചിലര്‍
ഭൂമിയുടെ മറുകരയിലെത്തുമ്പോള്‍
കാത്തുനില്‍ക്കുന്നവരെ
കെട്ടിപ്പിടിച്ചുമ്മ വയ്ക്കാന്‍
ഉറക്കമില്ലാത്ത കണ്ണുകള്‍
മണിക്കൂറുകളിലൂടെ പായുന്നു .. !

3
വര്‍ഷങ്ങളായി പ്രവാസികളായവരേ,
നിങ്ങളിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍
മേഘങ്ങള്‍ മുറിച്ച്
ഈ വിമാനത്തിലെ നോവുന്ന ചിന്തകളിലേയ്ക്ക്
പറന്നെത്തുകയാണ്.. !
നിങ്ങളിറങ്ങിപ്പോകുമ്പോള്‍
ഞാന്‍ കാണാറുണ്ട്
ഇവിടെ എന്‍റെ കവിതയെ നോക്കിക്കിടക്കുന്ന
ചില വരണ്ട കണ്ണുകളെ ..
അതിലെ കണ്ണീരും പുഞ്ചിരിയും
ലഗ്ഗേജില്‍ ഭദ്രമായ്‌ വച്ച്
എവിടേയ്ക്കോ നിങ്ങളിറങ്ങിപ്പോകും ..
ഇനിയുമെവിടെയെങ്കിലും കാണാമെന്ന്
വെറുതെ പറഞ്ഞ്, കൈ വീശി
ലോകത്തിന്‍റെ എണ്ണമറ്റ കോണുകളിലേയ്ക്ക്
നിങ്ങള്‍ ചിതറിപ്പോകും .. !

4
എന്‍റെ തൊട്ടുമുന്‍പിലിരിക്കുന്നയാള്‍
എന്തോ വായിച്ചെടുക്കുകയാണ്
ഏതു വരിയുടെ തുമ്പിലാവും
അയാളുടെ ചിന്തകള്‍
ഇപ്പോള്‍ തരിച്ചുനില്‍ക്കുന്നത് ?
എനിക്കുറപ്പാണ് യാത്രയുടെ ഒടുക്കം
ചില കഥാപാത്രങ്ങളെ മാത്രം കൂട്ടിക്കൊണ്ട്
അയാള്‍ പോകും..
അയാളിരിക്കുന്ന സീറ്റില്‍ നിന്നും
എനിക്ക് കിട്ടും
വായനക്കാരനുപെക്ഷിച്ചു പോയൊരു
എഴുത്തുകാരന്‍റെ ഹൃദയത്തെ..
ഞാനതെടുത്തെന്‍റെ നെഞ്ചോട്‌ ചേര്‍ക്കും..
കാരണം,
ആരെല്ലാമോ ഉപേക്ഷിച്ചുപോയൊരു
പുസ്തകത്തിന്‍റെ അനാഥത്വമാണ് ഞാനും.. !

5
ഐപ്പോടിന്‍റെ ശോഷിച്ച ഞരമ്പിലൂടെ
പാടുപെട്ട് ആലപിക്കുന്ന
ഇംഗ്ലീഷ് ഗായകനെ മറന്ന്,
ഒരു കുട്ടി
ആകാശത്തിന്‍റെ അനന്തതയിലേയ്ക്ക്
കണ്ണും നട്ടിരിക്കുന്നു..
ഒരു രാത്രിയില്‍ നമ്മളൊരുമിച്ചീ
ആകാശയാത്ര തുടങ്ങി ..
മറ്റൊരു പകല്‍ നമുക്കിടയില്‍
കയറിവരുമ്പോള്‍
കുറെയേറെ ചിരിത്തുണ്ടുകള്‍ കൈമാറി
നീയും ഞാനും
അവളുടെ ഐപ്പാടില്‍
വെറുതെ പാടിത്തളര്‍ന്ന ഗായകനും
ഒരു പരിചയവുമില്ലാത്തവരായി പിരിയും ..

6
പതിനഞ്ചാമത്തെ അറയില്‍
തനിച്ചിരിക്കുന്ന യാത്രക്കാരാ
നീ ചിന്തിച്ചുകൂട്ടുകയാണോ
ഉപേക്ഷിച്ചു പോരുന്ന
ഓര്‍മ്മയുടെ മരുഭൂമിക്കഥകളെ .. ?
വഴിയമ്പലത്തിലെ
അപരിചിതരായ സഞ്ചാരികളാണ് നമ്മള്‍

7
ഈ ചെറിയ പേടകത്തിനുള്ളില്‍
ഒരു കവി
ഒരു വായനക്കാരന്‍
ഒരു പാട്ടുകാരി
ഒരു നിരൂപക
ഒരു ബിസിനസുകാരന്‍
ഒരു ദരിദ്രന്‍
ഒരു രാഷ്ട്രീയക്കാരന്‍ .. !!
എല്ലാ ചിന്തകളും ഇഴഞ്ഞുനടക്കുന്ന
ഈ വിമാനമിതാ
ഇപ്പോള്‍ ഭൂമിയിലേയ്ക്കു താഴുന്നു ..

8
യാത്രക്കാരെ ഇന്ന്
നിങ്ങളാണെന്‍റെ കവിത
നിങ്ങളറിയാതെ ഓരോരുത്തരായി
ക്യൂ നിന്ന് ,
എന്‍റെ വരികള്‍ സ്വന്തമാക്കി
വീണ്ടും മറ്റൊരു യാത്രയില്‍
അജ്ഞാതരായ നമുക്ക്
വീണ്ടും കണ്ടുമുട്ടാം.. !!

7 അഭിപ്രായങ്ങൾ:

Thajudheen പറഞ്ഞു...

എന്‍റെ തൊട്ടുമുന്‍പിലിരിക്കുന്നയാള്‍
എന്തോ വായിച്ചെടുക്കുകയാണ്
ഏതു വരിയുടെ തുമ്പിലാവും
അയാളുടെ ചിന്തകള്‍
ഇപ്പോള്‍ തരിച്ചുനില്‍ക്കുന്നത് ?
എനിക്കുറപ്പാണ് യാത്രയുടെ ഒടുക്കം
ചില കഥാപാത്രങ്ങളെ മാത്രം കൂട്ടിക്കൊണ്ട്
അയാള്‍ പോകും..
അയാളിരിക്കുന്ന സീറ്റില്‍ നിന്നും
എനിക്ക് കിട്ടും
വായനക്കാരനുപെക്ഷിച്ചു പോയൊരു
എഴുത്തുകാരന്‍റെ ഹൃദയത്തെ..
ഞാനതെടുത്തെന്‍റെ നെഞ്ചോട്‌ ചേര്‍ക്കും..
കാരണം,
ആരെല്ലാമോ ഉപേക്ഷിച്ചുപോയൊരു
പുസ്തകത്തിന്‍റെ അനാഥത്വമാണ് ഞാനും.. !
great Lines, You realize

Rajesh M Pisharath പറഞ്ഞു...

Sookshma nireekshanam...asalayirikunnu..

Unknown പറഞ്ഞു...

ഈ ചെറിയ പേടകത്തിനുള്ളില്‍
ഒരു കവി
ഒരു വായനക്കാരന്‍
ഒരു പാട്ടുകാരി
ഒരു നിരൂപക .. ishtamaayi ee kavitha

ഏറുമാടം മാസിക പറഞ്ഞു...

nannayitunt

Unknown പറഞ്ഞു...

മനോഹരം ,,,

Unknown പറഞ്ഞു...

പ്രവാസികളുടെ ഹ്രദയം തൊട്ടറിഞ്ഞു

Unknown പറഞ്ഞു...

പ്രവാസികളുടെ ഹ്രദയം തൊട്ടറിഞ്ഞു