.

.

ലത്തീഫ് നെല്ലിച്ചോട്

വല്യുപ്പ


വീടായാല്‍
ഒരു വല്യുപ്പ വേണം
മോണകാട്ടി ചിരിക്കാന്‍
കുറെ കുട്ട്യാളും

കടയില്‍ പോയി വരുന്നത്
വരെ കടലമിഠായിക്ക്
കാത്തിരിക്കാം

കൂടെകൊണ്ടു പോവുമ്പോള്‍
വാങ്ങിതരുന്ന
വെള്ളചായ
ഊതിയൂതിക്കുടിക്കാം

വെറ്റിലമുറുക്കി
പഠിക്കാം
മുറിബീഡി
കാണാതെ വലിക്കാം

ഐസ് വാങ്ങാന്‍
അന്‍പത് പൈസ
ആവേശത്തോടെ
ചോദിക്കാം

വാവിട്ടു കരയുമ്പോള്‍
വാരിപ്പുണരാനും
വെറുതെ തല്ലിയ
ഉമ്മച്ചിയെ നാലെണ്ണം
പറയാനും
വല്യുപ്പയുന്ടെല്ലോ
ഞങ്ങള്‍ക്ക്

അക്ഷരതെറ്റില്ലാതെ
"അദബൊന്‍" എന്നെഴുതിയതിന്
നൂറില്‍നൂറ് മാര്‍ക്ക് കിട്ടിയ
സ്ലേറ്റ് മാഞ്ഞു പോവാതിരിക്കാന്‍
ഓടിക്കിതച്ചു വന്നു ഞാന്‍

അപ്പോഴേക്കും
പറയാതെ പടിയിറങ്ങി
പള്ളിക്കാട്ടിലേക്കു പോയി
പാവം വല്യുപ്പ